തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതക കേസിൽ നിർണായക വഴിതിരിവ്. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെ (22) പോലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതക വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന ഈ യുവതിയുടെ അറസ്റ്റ് ഇന്ന് (നവംബർ 5) തന്നെ രേഖപ്പെടുത്തിയേക്കും. ഇതിനിടെ, കേസിലെ പ്രതികളുടെ വീടുകളിൽ പോലീസ് വിശദമായ പരിശോധന നടത്തി.

അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഈ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി. ഇൻസ്റ്റഗ്രാം അക്കൗണ്ട് അഭിറാം മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. അഭിറാമിന്റെ മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്‌കൂബ ടീമിനെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. തുടർന്ന് കൂടുതൽ പോലീസുകാരെ വിന്യസിച്ച് മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്യമിട്ട രണ്ടാമത്തെയാളെ വിളിച്ചുവരുത്താൻ സാധിക്കാത്തതിലുള്ള വൈരാഗ്യമാണ് അഭിറാമിന് നേരെയുള്ള ക്രൂരമായ മർദ്ദനത്തിനും കൊലപാതകത്തിനും വഴിവെച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *