തിരുവനന്തപുരം: പൊറോട്ട ഹട്ടിലെ അതിക്രമത്തിൽ ഇടപെട്ട് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്താൻ നിർദേശം. ജില്ലാ ലേബർ ഓഫീസർക്കാണ് മന്ത്രി നിർദേശം നൽകിയത്. അതിക്രമം ശ്രദ്ധയിൽപെട്ടിട്ടുണ്ട്, നഗരസഭയും തൊഴിൽ വകുപ്പും ചേർന്ന സംയുക്തമായ പരിശോധന അനിവാര്യമെന്ന് മേയർ വി വി രാജേഷ് പ്രതികരിച്ചു.

പലയിടങ്ങളിലും ബാലവേല നടക്കുന്നുണ്ട്. മതിയായ രേഖകൾ ഇല്ലാത്ത തൊഴിലാളികൾ ഉണ്ട്. നഗരസഭക്ക് പരിമിതികൾ ഉണ്ട്. എന്നാലും പരിശോധനകൾ നടത്തും. നഗരസഭ പരിശോധനക്കായി എത്തുമ്പോൾ ഇത്തരക്കാർ അപ്രത്യക്ഷർ ആകുന്ന സാഹചര്യം ആണുള്ളത്. തൊഴിൽ വകുപ്പ് ആണ് ഇത്തരം പരിശോധനകൾ നടത്തേണ്ടത്.

പാളയത്തിന് സമീപം പ്രവർത്തിക്കുന്ന ‘പൊറോട്ട ഹട്ട്’ എന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ സ്ഥാപന ഉടമയിൽ നിന്നും ഉണ്ടായ ക്രൂരമർദ്ദനവുമായി ബന്ധപ്പെട്ട സംഭവമാണിത്. തിരുവനന്തപുരം പാളയം – കുന്നുകുഴി ഭാഗത്ത് ജീവനക്കാർ താമസിച്ചിരുന്ന മുറിയിലായിരുന്നു സംഭവം നടന്നത്. ജാർഖണ്ഡ്, നേപ്പാൾ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് സ്ഥാപന ഉടമയിൽ നിന്നും ആക്രമണമുണ്ടായത്.

വിശ്രമവേളയിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദനം നടന്നതായി പരാതി ഉയർന്നു.മർദ്ദനത്തിൽ 17 വയസ്സുള്ള ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ അടിച്ച് തകർത്തതായും പോലീസിൽ വിവരമറിയും മുൻപ് പരിക്കേറ്റവരെ ആശുപത്രിയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണവും നിയമനടപടികളും പുരോഗമിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *