കൊല്ലം: കൊല്ലത്തുനിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുന്ന കൊല്ലം – കോട്ടയം മെമു ട്രെയിൻ (66315/66316) എറണാകുളത്തേക്ക് നീട്ടാനുള്ള റെയിൽവേയുടെ നീക്കം താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി.യാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയാൽ തങ്ങൾക്ക് ഉണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സ്ഥിരം യാത്രക്കാരും വിവിധ യാത്രാ സംഘടനകളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് ഈ നീക്കം താത്കാലികമായി നിർത്തിവെക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
വേണാട് എക്സ്പ്രസിലെ കടുത്ത യാത്രാത്തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയൊരു ട്രെയിൻ അനുവദിക്കാമെന്ന് റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പകരം നിലവിലുള്ള കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനായിരുന്നു റെയിൽവേ നീക്കം നടത്തിയത്. കൊല്ലം-കോട്ടയം മെമുവിനെ മാത്രം ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും, വേണാടിലെ യാത്രാദുരിതത്തിന് പരിഹാരമായി ഈ റൂട്ടിൽ പുതിയ സർവീസ് അനുവദിക്കുന്നതിനായി റെയിൽവേയിൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും എം.പി. വ്യക്തമാക്കി.
