കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായികാധ്യാപകന്‍ ജിജോ ജെയിംസിനെതിരെ തെളിവില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഘാടകര്‍ ആരോപിക്കുന്നത് പോലെ അധ്യാപകന്‍ ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തിയാകും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. (sports meet food controversy no evidence against jijo james)

അധ്യാപകന്‍ പുഴുവിനെ കൊണ്ടുവരുന്നത് കണ്ട ആളുകളുണ്ടെന്നായിരുന്നു സംഘാടകര്‍ ആരോപിച്ചിരുന്നത്. പഴയ സിനിമകളിലെ നമ്പര്‍ പോലെ അധ്യാപകന്‍ ഭക്ഷണത്തില്‍ പുഴുവിനെ ഇട്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു. അധ്യാപകന്‍ ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങളെല്ലാം കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും പൊലീസ് നീക്കം നടത്തുന്നുണ്ട്.

എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ജിജോയെ അറസ്റ്റ് ചെയ്തത്. ജിജോ ജെയിംസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *