കോഴിക്കോട്: ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് ടെമ്പിൾ ലൈനിൽ പ്രവർത്തിക്കുന്ന ഫ്രീ ബേർഡ്സ് ഓപ്പൺ ഷെൽട്ടർ ഹോമിലെ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിട്ട് കാലിക്കറ്റ് എഫ്.സി താരങ്ങളും ഒഫീഷ്യൽസും.
അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ദി ഹാൻഡികാപ്പ്ഡ് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ പിന്തുണയോടെ നടത്തുന്ന സ്ഥാപനമാണ് ഫ്രീ ബേർഡ്സ്. 28 വർഷമായി സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ 6 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികളാണുള്ളത്.
ഫ്രീ ബേർഡ്സ് കോർഡിനേറ്റർ പ്രവീൺ പി.വി യുടെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ കാലിക്കറ്റ് എഫ്.സി അസിസ്റ്റന്റ് കോച്ച് ബിബി തോമസ് താരങ്ങളായ വില്ലലോബോസ്, അലക്സിസ് സോസ, ലിയോ ഡേവിഡ്, മുഹമ്മദ് റിയാസ് പി.ടി, മുഹമ്മദ് ആഷിഖ്, മുഹമ്മദ് റോഷൽ എന്നിവരാണ് കുട്ടികൾക്കൊപ്പം ശിശുദിനാഘോഷങ്ങളിൽ പങ്കുചേർന്നത്. പ്രിയ താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും ഫുട്ബോൾ വിശേഷങ്ങൾ പങ്കുവെക്കാനും സാധിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.
