ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ആഴി ജ്വലിപ്പിച്ച് നിയുക്ത മേൽശാന്തിമാരെ സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6.30ഓടെ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും അവരോധിക്കും. ചൊവ്വാഴ്ച (17-11-2026) പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ മണ്ഡലകാലത്തിന് ഔദ്യോഗിക തുടക്കമാകും.

പ്രതിദിനം 80,000 തീർത്ഥാടകർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ–പമ്പ പാത വഴി 60,000 പേർക്കും എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും വെർച്വൽ ക്യൂ ബുക്കിങ് നടത്താം. നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും. ഇന്ന് 30,000 പേർക്കാണ് ദർശനത്തിന് അവസരം. ഉച്ചയ്ക്ക് 12ന് ശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ.

ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നടയടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. ജനുവരി 20ന് നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *