മധുര: തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് അധിയമാൻകോട്ട പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ബസിൻ്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കേസിൽ നിഷാന്തിൻ്റെ സുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷി, പിതാവ് സുരേഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന ഷോറൂമിൽ നവംബർ 12-ന് പുലർച്ചെയായിരുന്നു കവർച്ച. ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. പുതിയ ഷോറൂം ആയതിനാൽ ലോക്കർ സംവിധാനം പൂർണ്ണമായി സജ്ജമാകാതിരുന്നതും രാത്രിയിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും പ്രതിക്ക് സഹായകമായി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം ആഭരണങ്ങൾ നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏൽപ്പിച്ച് മീനാക്ഷിയുടെ സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്.

മീനാക്ഷിക്ക് വീട് നിർമ്മാണത്തിനും മറ്റുമായി വൻതുക ആവശ്യമായി വന്നതിനെത്തുടർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ച ഇരുവരും യൂട്യൂബർമാരാണ്. മോഷ്ടിച്ച ആഭരണങ്ങളിൽ ആറ് കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും മാടക്കുളം കുളത്തിന് സമീപമുള്ള കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തു. കവർച്ചാസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും പ്രതിയുടെ വീട്ടിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെത്തിയതായും പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു. ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ വിവരം എന്നിവയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. നേരത്തെ അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതി നവംബർ 29 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *