ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച സി.ആർ.പി.എഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരൻ ലത്തീഫ് ഭട്ടും ഇയാളുടെ സഹായിയുമാണ് വധിക്കപ്പെട്ടത്. നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സി.ആർ.പി.എഫ് പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ഇതിൽ ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തിരുന്നു. കൃത്യത്തിന് ശേഷം സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിൽ ബാബി ചന്ദ്, യാശ്പാൽ കുമാർ എന്നീ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
