ഡൽഹി: നിയമ മന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീർ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിർത്തതായാണ് വിവരം.
തിങ്കളാഴ്ച വൈകുന്നേരം സോണിയ വിഹാർ മേഖലയിൽ, ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം, മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികളാണ് വെടിയുതിർത്തത്. 26 വയസ്സുകാരനായ സമീർ എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. മുൻ സഹപ്രവർത്തകരായിരുന്ന രണ്ടുപേർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
