മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. റഷ്യയിൽ നടക്കുന്ന ‘ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026’-ൽ പങ്കെടുക്കാനാണ് മന്ത്രിയുടെ യാത്ര. നവംബർ 23, 24 തീയതികളിൽ മോസ്കോയിലെ റഷ്യ നാഷണൽ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. യാത്രയ്ക്കായി കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിന് മന്ത്രി അപേക്ഷ നൽകിയതായാണ് വിവരം. നവംബർ 21-നാണ് അദ്ദേഹം യാത്ര തിരിക്കുക. റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ റോസ്‌കോൺഗ്രസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘സുസ്ഥിര നഗരപരിവർത്തനം: ആഗോള വെല്ലുവിളികളെ നേരിടൽ’ എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രധാന വിഷയം.

മന്ത്രി മുൻപ് നടത്തിയ വിദേശയാത്ര വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര അനുമതിയില്ലാതെയാണ് കെ.എം. ഷാജി ചെക്ക് റിപ്പബ്ലിക്കിലേക്ക് പോയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ, ക്രിമിനൽ കേസ് പ്രതികൾക്കൊപ്പമായിരുന്നു മന്ത്രിയുടെ യാത്രയെന്ന വിവരവും പുറത്തുവന്നിരുന്നു. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ നാല് രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമായിരുന്നു മന്ത്രിക്ക് അന്ന് അനുമതി ലഭിച്ചിരുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് മന്ത്രി നടത്തിയ യാത്ര ഒളിച്ചുവെച്ചതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സർക്കാർ അനുമതിയില്ലാതെ മന്ത്രി നടത്തിയ യാത്ര ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *