തിരുവനന്തപുരം: എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല തയ്യാര്‍. തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുപാതം 1:25 ആക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഡിവിഷന്‍ ഫാള്‍ ഉണ്ടാകുമ്പോള്‍ അനുപാതം കുറച്ച് തസ്തിക നിലനിര്‍ത്താമെന്നുമാണ് വാഗ്ദാനം. പ്രധാനാധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കി പുതിയ തസ്തിക കൊണ്ടുവരാനും സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഈ ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തും.

ഇളവ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമല്ല. എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും നിലവില്‍ അനുപാതം കുറയ്ക്കുന്നത് പരിഗണനയില്ല. നിലവില്‍ എല്ലാ സ്‌കൂളുകളിലും അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആണ്. 150 കുട്ടികള്‍ കുറയാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലാകും ഹെഡ്മാസ്റ്റര്‍മ്മാരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുക. രണ്ട് നിര്‍ദേശവും മാത്രം നടപ്പിലാക്കുക വഴി 50 കോടിക്ക് അടുത്ത് അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയും ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. സര്‍ക്കാര്‍ തീരുമാനം സമരസമിതിയെ വായിച്ച് കേള്‍പ്പിക്കും. സാമ്പത്തിക ബാധ്യത അംഗീകരിക്കേണ്ടത് ധനവകുപ്പും മുഖ്യമന്ത്രിയുമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നേരത്തെ ധനവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും അനുപാതം കുറയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *