കണ്ണൂർ: കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും, ട്രാക്ക് വിട്ടാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് കൈവിട്ടുപോയതെന്നും, ഇത്തരം നിലപാടുകൾ ആ പാർട്ടിയെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി. മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജെൻസി കാലഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ലെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾ പഴയകാലത്തെ തുരുമ്പിച്ച കാര്യങ്ങളാണ്. കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല, കോടതി വെറുതെ വിട്ടവർ ഇന്ന് ഈ ഭൂമിയിലില്ല എന്നൊക്കെയുള്ള വാദങ്ങളുടെ കാലം കഴിഞ്ഞുപോയതാണെന്നും, അത്തരം ചുമതലയൊന്നും ആർക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനരാജ് വധക്കേസിൽ വിധി വന്നതിന് പിന്നാലെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സി.പി.എം നേതാക്കളും എം.പിമാരുമടക്കം വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. വിധി ശരിയല്ലെന്നും വിധിയെയും ജഡ്ജിയെയും ചോദ്യം ചെയ്യുന്ന രീതിയിലുമാണ് കാര്യങ്ങൾ പോകുന്നതെന്നും മന്ത്രി വിമർശിച്ചു.

യു.ഡി.എഫിനെ സംബന്ധിച്ച് ഏറ്റവും ദുഃഖം നൽകിയ വിധിയാണ് അരിയിൽ ഷുക്കൂർ കേസിലേതെന്നും കെ. മുരളീധരൻ പറഞ്ഞു. യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിലാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. നമ്മൾ വിചാരിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ല. ഒരു ചെറുപ്പക്കാരനെ നടുറോഡിൽ തല്ലിക്കൊന്ന കേസിലെ വിധിയിൽ യു.ഡി.എഫിന് ദുഃഖമുണ്ടെങ്കിലും, കോടതിയോട് ബഹുമാനമില്ലാതെ പെരുമാറാനാകുമോ എന്നും അത് ജനാധിപത്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *