തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം ഫലം. മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ, മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ശുചീകരണ തൊഴിലാളികൾ ശുചിമുറിയിൽ എത്തിയിരുന്നു എന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വാദം പൊളിഞ്ഞു.

ഈ മാസം 16-ന് അജ്ഞാത രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 77-കാരനായ മാക്കുട്ടി റാവുത്തറാണ് മരിച്ചത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ നിന്ന് കാണാതായതിനെ തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾക്ക് കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *