കൊച്ചി: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് മുമ്പുള്ള ശക്തിപരീക്ഷയിൽ കരുത്തുകാട്ടി ഫോഴ്‌സ കൊച്ചി എഫ്‌സി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സിക്കെതിരെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവുമായി (3-2) ന്റെ വിജയം സ്വന്തമാക്കി.

ഡീഗോ ഹെർണാണ്ടസ്, അഖിൽ പ്രവീൺ, രാഹുൽ രാജു എന്നിവർ കൊച്ചിക്കായി ഗോൾ നേടി. കാലിക്കറ്റിന്റെ ഗോളുകൾ ആൻഡ്രൂസിന്റെയും കാൽവിൻ തോമസിന്റെയും ബൂട്ടുകളിൽ നിന്ന്.

പത്ത് മത്സരങ്ങളും പൂർത്തിയാക്കിയ കാലിക്കറ്റ് 23 പോയന്റുമായി ഒന്നാംസ്ഥാനത്ത്‌. 16 പോയന്റുള്ള ഫോഴ്‌സ കൊച്ചി മൂന്നാം സ്ഥാനം ഉറപ്പാക്കി. ഇതോടെ സെമിയിൽ ഫോഴ്‌സ കൊച്ചി ടേബിളിലെ രണ്ടാംസ്ഥാനക്കാരായ മലപ്പുറം എഫ്സിയെ നേരിടും.

മത്സരത്തിൽ ആദ്യത്തെ ശ്രദ്ധേയ മുന്നേറ്റം കണ്ടത് കൊച്ചിയുടെ ഭാഗത്തുനിന്ന്. ഒൻപതാം മിനിറ്റിൽ ഡീഗോ ഹെർണാണ്ടസിന്റെ പാസ് ഇടതുവിങിൽ സ്വീകരിച്ച രാഹുൽ രാജു, കാലിക്കറ്റ് പ്രതിരോധത്തിലെ സ്പേസ് മുതലെടുത്ത് ഷോട്ടുതിർത്തു. പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.

31-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്ന് അമീൻ നീട്ടിയടിച്ച പന്ത് കൊച്ചി നായകൻ അജയ് അലക്സിനും ഗോൾകീപ്പർ ജെയ്മി ജോയിക്കും ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ അവസരം മുതലെടുത്ത ആൻഡ്രൂസ് പന്ത് വലയിലാക്കി (1-0). ഏഴ് മിനിറ്റിനകം കാലിക്കറ്റ് ലീഡുയർത്തി. ഇടതുവിങിലൂടെ മുന്നേറി ആൻഡ്രൂസ് ബോക്സിലേക്ക് നൽകിയ പന്ത് കാൽവിൻ തോമസ് ഗോളാക്കി (2-0).

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിൽ കൊച്ചി ഗോൾകീപ്പർ ജയ്മി ജോയ് പരിക്കേറ്റ് കളംവിട്ടു. പകരമെത്തിയത് ദേബ്ജിത്ത് മജുംദാർ.

55-ാം മിനിറ്റിൽ കൊച്ചി ഒരുഗോൾ മടക്കി. രാഹുൽ രാജുവിന്റെ പാസിൽ മെക്സിക്കൻ താരം ഡീഗോ ഹെർണാണ്ടസിന്റേതായിരുന്നു ഗോൾ. തൊട്ടുപിന്നാലെ ഹെർണാണ്ടസിന്റെ മറ്റൊരു ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.

68-ാം മിനിറ്റിൽ കോർണറിൽ നിന്ന് വന്ന പന്ത് ഹെഡ് ചെയ്ത് അഖിൽ പ്രവീൺ കൊച്ചിയെ ഒപ്പമെത്തിച്ചു (2-2). 77-ാം മിനിറ്റിൽ കൊച്ചിയുടെ വിജയഗോൾ. അലൻ സജിയുടെ പാസ് രാഹുൽ രാജുവാണ് പോസ്റ്റിലെത്തിച്ചത് (3-2). ലീഗിൽ രാഹുൽ രാജു നേടുന്ന ഏഴാമത്തെ ഗോൾ.

ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച (നവംബർ 27) തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.

ഒൻപത് കളികളിൽ 11 പോയന്റുള്ള കൊമ്പൻസിന് മത്സരം നിർണായകമാണ്. വിജയം നേടിയാൽ 12 പോയന്റുള്ള കണ്ണൂരിനെ മറികടന്ന് സെമി ഫൈനലിന് യോഗ്യത നേടാം. ഷൂട്ടൗട്ടിൽ തോറ്റാലും ഹെഡ് ടു ഹെഡ് ആനുകൂല്യത്തിൽ കൊമ്പൻസ് സെമിയിലെത്തും. ഏഴ് പോയന്റ് മാത്രമുള്ള തൃശൂർ സെമി കാണാതെ നേരത്തെ പുറത്തായി.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *