കെ സുധാകരൻ എംപിയെ ദുബായിലെ ആശുപത്രിയിൽ കാണാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിലും ഐസിയു പ്രവേശനത്തിലും ദുരൂഹതയുണ്ടെന്നും മകൻ സഞ്ജോഗ് ആരോപിച്ചു. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായും ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചതായി ഡോക്ടർ പറഞ്ഞുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കൺസൾട്ടേഷനായി നവംബർ 27-നാണ് സുധാകരനെ ദുബായ് ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 29 ഇന്ന് ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. നവംബർ 28 ഇന്നലെ വരെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നുവെങ്കിലും ഇന്ന് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോൾ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. തുടർന്ന് തർക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു. നിലവിൽ ഈ ആശുപത്രിയിൽ വിശ്വാസമില്ലെന്നും കെ. സുധാകരനെ വേഗത്തിൽ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മകനും മരുമകനും രേഖാമൂലം കത്ത് നൽകാനുള്ള തയ്യാറെടുപ്പിലാണ്.
പാർലമെന്റിൽ നിർണായകമായ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ കാര്യത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നത്. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനിടെ ദുബായിലെത്തിയ സുധാകരൻ ഇന്ന് രാത്രിയോടെ ഡൽഹിയിൽ എത്തുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നത്. ഡൽഹിയിൽ എത്താൻ ഹൈക്കമാൻഡും അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നു. മണ്ഡല പുനർനിർണയ ബിൽ പാസാക്കിയെടുക്കാൻ രാഷ്ട്രീയ നീക്കങ്ങളോ കുതിരക്കച്ചവടങ്ങളോ നടക്കുന്നുണ്ടോ എന്ന സംശയങ്ങൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ പുറത്തുവരുന്നത്.
