ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് വൈകീട്ട് ചേരാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി.കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ബിജെപി ആരോപിച്ചു.രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു.
.മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *