കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പിന്നീട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
“സംസ്ഥാനത്ത് ഒരു വികസന പദ്ധതി കൊണ്ടു വന്നാല്‍ അതിനെതിരെ ശക്തമായ എതിര്‍പ്പ് ചിലര്‍ പ്രകടിപ്പിക്കും. എതിര്‍ക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ പിന്നീട് ലഭിക്കും. അവര്‍ പദ്ധതിക്ക് ഒപ്പം നില്‍ക്കുകയും ചെയ്യും. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും,” മുഖ്യമന്ത്രി വ്യക്തമാക്കി.

എതിര്‍പ്പിന്റെ കാരണം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക എതിര്‍പ്പിന്റെ വശങ്ങളെന്താണെന്ന് കൃത്യമായി മനസിലാക്കുക അങ്ങനെ മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ ഇത്തരം എതിര്‍പ്പുകളെ നേരിടാന്‍ സാധിക്കും എന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അനുഭവം. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിര്‍പ്പുണ്ടായിരുന്നു.

പക്ഷേ ആ എതിര്‍പ്പില്‍ കാര്യമില്ലെന്ന് എതിര്‍ക്കുന്നവരോട് കാര്യ കാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിയ്ക്ക്, നല്ല നാളേയ്ക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതികള്‍ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് അവരോട് വിശദീകരിക്കുകയും ചെയ്തപ്പോള്‍ എതിര്‍ത്തവര്‍ തന്നെ നല്ല മനസോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും അതിന്റെ ഭാഗമാകാനും തയ്യാറായി മുന്നോട്ടു വന്നു എന്നതാണ് നമ്മുടെ അനുഭവം. കേരളത്തില്‍ ഇനി നടക്കുകയേ ഇല്ല എന്നു കരുതിയ പലതും ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ നമ്മുടെ സമൂഹവും സമൂഹത്തിലെ ആളുകളും ഇതിനൊന്നിനും എതിരല്ല. അവരെല്ലാം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങള്‍ നടപ്പാകണം എന്നാണ്. അതിനെല്ലാം രൂപം കൊടുക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഈ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *