പറവൂർ വിസ്മയ കൊലപാതകക്കേസിൽ ഇളയ സഹോദരി ജിത്തുവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. ജിത്തു എറണാകുളം ജില്ല വിട്ടുപോയതായാണ് പൊലീസ് നിഗമനം. അതിനാൽ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ് .
അതേസമയം, ജിത്തു ട്രെയിന്‍ മാര്‍ഗം അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകത്തില്‍ മൂന്നാമതൊരാളുടെ സാന്നിദ്ധ്യമുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ ചിലര്‍ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.സംഭവ ശേഷം ജിത്തു വീട്ടില്‍ നിന്നും ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മരിച്ച വിസ്മയയുടെ ഫോണ്‍ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കി. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനാകാത്തതാണ് പോലീസ് നേരിടുന്ന വെല്ലുവിളി .
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു കൊലപാതകം നടന്നത് . ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്ത് . വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിലുണ്ടായിരുന്ന മാലയില്‍ നിന്ന് മരിച്ചത് മൂത്ത് മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞെങ്കിലും കൂടുതല്‍ പരിശോധന ആവശ്യമാണെന്നതിനാല്‍ പൊലീസ് ഈ നിഗമനം സ്ഥിരീകരിച്ചിരുന്നില്ല.
വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഇതു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെടുത്ത മുറിയുടെ വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തപ്പാടുകളും സംഭവസ്ഥലത്തെ മണ്ണെണ്ണയുടെ ഗന്ധവും ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.
ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി പറയപ്പെടുന്നു. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്