ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ടെന്നും ഗുരുവിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ഗുരുവെന്ന് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരു പടർത്തിയ വെളിച്ചം മനുഷ്യമനസുകളെ മാറ്റിയെടുത്തെങ്കിലും മനുഷ്യ മനസിനെ വീണ്ടും കലുഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നത്തെ കാലത്ത് ചില വിഭാഗങ്ങൾ സംഘടിതമായി നടത്തുന്നുണ്ട് ഇവിടെയാണ് ശ്രീനാരാണ ഗുരുവിന്റെ സന്ദേശങ്ങൾ വേണ്ടരീതിയിൽ ഉൾക്കൊള്ളുകയും അത് സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത.
യഥാർത്ഥത്തിൽ ഗുരുവിന്റെ സന്ദേശം മനുഷ്യ സ്നേഹമായിരുന്നു. അതു കൊണ്ടാണ് ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ മാറ്റിമറിച്ചു കൊണ്ട് ചിന്തിക്കാൻ ഗുരു പഠിപ്പിച്ചത്. മനുഷ്യന്റെ ജാതി മനുഷ്യത്വം എന്നാണ് ഗുരു പറഞ്ഞത്. എല്ലാ വിഭാഗീയ വേർതിരിവുകൾക്കുമതീതമായ മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ സമൂഹത്തിനാകെ വലിയ തോതിൽ വളർത്തിയെടുക്കേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വപരമായ ചിന്തയും പ്രവൃത്തിയും മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടാൻ ഉതകണമെന്നാണ് ഗുരു പറഞ്ഞത് . അതുകൊണ്ടുതന്നെയാണ് ആ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞത്. അത് ജനങ്ങളെ പഠിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഗുരുവിനെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ശ്രമങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ശ്രീനാരായണ ഗുരു മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും വത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാർ നമ്മെ അവരുടെ വിഭാഗത്തിൽപ്പെട്ടവരായി വിചാരിക്കുന്നു. അക്കാരണത്താൽ പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണത്തിന് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. ഈ വസ്തുത പൊതു ജനങ്ങളുടെ അറിവിലേക്കായി പറയുന്നു’ എന്ന ശ്രീനാരായണ ഗുരുവിന്റെ തന്നെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.