ബന്ധുനിമയനത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു. ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം.കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും എ കെ ബാലൻ വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജലീൽ സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ എം മാണി സാറും ഇതേ പേസ്റ്റിലേക്ക് ആളെ വെച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ലെന്ന് എവിടേയും ഇല്ല. യോഗ്യതയുണ്ടോയെന്നതാണ് വിഷയം. യോഗ്യതയുണ്ടോ എന്നത് സംബന്ധിച്ച ജലീല്‍ ഹൈക്കോടതിയേയും ഗവര്‍ണറേയും നേരത്തെ ബോധ്യപ്പെടുത്തിയതാണ്. അത് എതിരായിരുന്നില്ല. ലോകായുക്ത നിലപാടില്‍ പരിശോധിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി വന്നാല്‍ അപ്പോള്‍ തന്നെ രാജി വെക്കേണ്ട സമ്പ്രദായം ഇവിടെയില്ല.’ എകെ ബാലന്‍ പ്രതികരിച്ചു.

സി പി എമ്മിന്റെ പൂർണ പിന്തുണയോടെയാണ് ജലീൽ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. മദ്ധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയല്‍ ചെയ്യാൻ പരിമിതികളുണ്ട്. പതിമൂന്നാം തീയതി മാത്രമാണ് ഇനി ഹൈക്കോടതി സിറ്റിംഗ് ഉളളത്. ഇതോടെയാണ് ഹർജി അവധിക്കാല ബെഞ്ചിന് മുമ്പാകെ എത്തിക്കാനുളള നീക്കം ജലീൽ നടത്തുന്നത്.

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ജലീലിന് എതിരെ ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *