ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായത് എന്ന് അറിയില്ല. ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലും വ്യക്തത ആയിട്ടില്ല.സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് വ്യക്തമല്ലെങ്കിലും ഇത് അഞ്ഞൂറിലധികം വരുമെന്നാണ് പരാതിയില്‍ പറയുന്നത്.ഫയലുകള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായി അന്വേഷിക്കുന്നതിന് ആരോഗ്യവകുപ്പിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *