രാജ്യത്ത് രണ്ടര ലക്ഷംകടന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. റെക്കോഡ് പ്രതിദിന വർധനയാണ് ദില്ലിയിലെ കേസുകളിൽ ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി.
ഉത്തർപ്രദേശ്, ബിഹാർ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കൂടി. ഇതിനിടെ കോവാക്സിന് പൂർണ്ണ വാണിജ്യ അനുമതി തേടി ഭാരത് ബയോട്ടെക് ഡിസിജിഐയെ സമീപിച്ചു. നിലവിൽ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഉള്ളത്.
കേസുകൾ ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയത്. നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകുമെന്നാണ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
