ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ കോട്ടയം എസ്.പി ഹരിശങ്കര്‍.കോടതി വിധി ദൗർഭാഗ്യകരമെന്ന് പറഞ്ഞ എസ്.പി വിധി പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ഡി.ജി.പി ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്. 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് മുൻ എസ് പി എസ് ഹരിശങ്കർ ഐ പി എസ് വ്യക്തമാക്കി.

വളരെ നിര്‍ഭാഗ്യകരമായ വിധിയാണ്. ഇത്തരം കേസില്‍ ഇങ്ങനെയൊരു വിധി എങ്ങനെ വന്നു എന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ തന്നെ അത്ഭുതമായിരിക്കും. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ 2018ലാണ് പരാതി നല്‍കിയത്. അധികാര സ്ഥാനത്ത് ഇരുന്ന ആളാണ് പീഡിപ്പിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ പീഡനം നടക്കുന്ന സമയത്ത് പരാതി പറയാന്‍ കഴിയില്ല. ജീവന്‍ തന്നെ അപകടത്തിലാവുന്ന സാഹചര്യമായിരിക്കാം. രണ്ട് വര്‍ഷം പുറത്ത് പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. വൈദികന്‍ നല്‍കിയ കരുത്തിലാണ് സഹകന്യാസ്ത്രീകളോട് പറയുന്നത്. എന്നിട്ടും അച്ചടക്ക നടപടി നേരിടേണ്ടി വന്നു. ഒടുവിലാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിത്.

സാക്ഷികള്‍ സാധാരണക്കാരായിരുന്നു. മൊഴി നല്‍കാന്‍ തയ്യാറായവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. കൃത്യമായ മെഡിക്കല്‍ തെളിവുകളുണ്ടായിരുന്നു. അസാധാരണ വിധിയാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന കോടതി വിധികളാണ് ബലാത്സംഗ കേസുകളില്‍ ഉണ്ടാവാറുള്ളത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴി ശിക്ഷിക്കപ്പെടാനുള്ള തെളിവായി കണക്കാക്കാറുണ്ട്.

കന്യാസ്ത്രീ അവര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് കയറി പോരാടിയ കേസാണിത്. ഞങ്ങള്‍ക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടിട്ടും പരാതി പറയാന്‍ ഭയക്കുന്നവര്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം ആളുകള്‍ ആജീവനാന്തം നിശബ്ദരായി ഇരിക്കണമെന്നാണ് വിധിയിലൂടെ പറയുന്നതെങ്കില്‍ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു.

അതേസമയം, കേസില്‍ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു വിധിയെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.
കോടതി വിധി വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉൾക്കൊളളാൻ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാൻ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *