പൊലീസിനെതിരെ ആരോപണങ്ങളുമായി കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ. മകനെ കൊണ്ടുപോയത് ജോമോനാണെന്ന് തന്നെ പറഞ്ഞ് പരാതി നൽകിയിരുന്നുവെന്ന് ഷാനിന്റെ അമ്മ ത്രേസ്യാമ്മ പറഞ്ഞു. അ‌ർധരാത്രി തന്നെ പരാതിപ്പെട്ടിട്ടും തന്റെ മകനെ രക്ഷിക്കാൻ പോലീസിനായില്ല. മകന്റെ മൃതദേഹമാണ് ജോമോന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പ്രതികരിച്ചു. എന്തിനാണ് ജോമോനെപ്പോലെയുള്ളവരെ ഇറക്കിവിടുന്നതെന്നും ഷാനിന്റെ അമ്മ ഏറെ വികാരഭരിതയായി ചോദിച്ചു.
എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്യുവായിരുന്നു? അവൻ എന്‍റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിട്ടു. ഈ ഗവർൺമെന്റ് എന്തിനാണ് ഇവനെപ്പൊലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത് ? എന്‍റെ പൊന്നുമോനെ തിരിച്ചുതരുവോ ? ഈ കാലൻമാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത് ‘അമ്മ ചോദിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജോമോന്‍ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പോലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *