ദിലീപിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍.തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു സംഘടന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. സിനിമ, സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്.കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അജിത് കുമാര്‍ അറിയിച്ചത്.
പൊലീസ് ഇടപെട്ടതോടെ ഫ്‌ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സംഘടന മാറ്റിയതായും പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നെന്നും അജിത് കുമാര്‍ പറഞ്ഞു.‘വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചു. ഏഴ് പേരെ മാത്രമാണ് പരിപാടി നടന്നിടത്ത് നില്‍ക്കാന്‍ അനുവദിച്ചത്,’ അജിത് പറഞ്ഞു.ദിലീപിന്റെ അവസ്ഥ മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാന്‍ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ദിലീപിനെ അനാവശ്യമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. പ്രതിഷേധത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു.