ഏറെ കാലമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്ന കൊല്ലത്തെ ആര്‍എസ്പിയില്‍ കൂട്ടരാജി. സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ ശ്രീധരന്‍ പിള്ള, മുന്‍ കൗണ്‍സിലറും ആര്‍എസ്പി ജില്ലാ കമ്മിറ്റിയംഗവുമായ പ്രശാന്ത്, ആര്‍വൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റിയംഗം ആര്‍ പ്രദീപ് തുടങ്ങിയവരാണ് രാജി വെച്ചത്. ഇവര്‍ക്കൊപ്പം ആര്‍എസ്പിയുടെ വിദ്യാര്‍ഥി വിഭാഗമായ പിഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ശ്രീരാജും പാര്‍ട്ടി വിട്ടു. ആര്‍എസ്പി വിട്ടവരെ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ മാലയിട്ട് സ്വീകരിച്ചു.

വ്യക്തി അധിഷ്ഠിതമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിമതര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം. ഇതിനിടെ ആര്‍എസ്പി നേതാക്കള്‍ മുന്‍ പാര്‍ട്ടി നേതാവായ ആര്‍എസ് ഉണ്ണിയുടെ സ്വത്ത് കൈയ്യേറാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു.

മുന്‍പ് ആര്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചപ്പോള്‍ ഷിബു ബേബി ജോണ്‍ അടക്കം ഇവരെ നേരില്‍ക്കണ്ടാണ് അനുനയത്തിന് ശ്രമിച്ചത്. ആര്‍എസ്പിയില്‍ നിന്നും നൂറിലധികം നേതാക്കള്‍ സിപിഐഎമ്മിലെത്തിയിട്ടുണ്ടെന്നും തുടര്‍ന്നും ഈ ഒഴുക്ക് ഉണ്ടാകുമെന്നുമാണ് സിപിഐഎമ്മിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *