രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 904 മരണം .75,086 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതു വരെ 1,35,27,717 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 1,21,56,529 പേര്‍ രോഗമുക്തി നേടി. 12,01,009 പേര്‍ ചികിത്സയിലുണ്ട്. ഇതിനകം 1,70,179 പേര്‍ മരണമടഞ്ഞു. 10,45,28,565 ഡോസ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ 11,80,136 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 25,78,06,986 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആറില്‍ ഒരു കേസ് ഇവിടെയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 63,000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 10,774 പുതിയ രോഗികളും 48 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ചത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നുവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.

അതിനിടെ, സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി.ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്നുതന്നെ കേസുകള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാവിലെ 10.30ന് ചേരാനിരുന്ന എല്ലാ ബെഞ്ചുകളും 11.30 ലേക്ക് മാറ്റി. 11ന് ചേരേണ്ടിയിരുന്ന ബെഞ്ചുകള്‍ 12നായിരിക്കും കേസുകള്‍ പരിഗണിക്കുകയെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു.

ശനിയാഴ്ച മാത്രം 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മിക്ക ജഡ്ജിമാരുടെയും ബെഞ്ചുകളിലെ ജീവനക്കാര്‍ക്കും ലോ ക്ലാര്‍ക്കുമാര്‍ക്കും കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഒന്നാം വ്യാപനത്തിന്റെ സമയത്തും നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ കോടതിയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *