ലാബ് ടെക്നീഷ്യന് നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ലാബിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു പാസ്സായവരും ഡി എം എല്‍ ടി ബിരുദവും ലാബ് ടെക്നീഷ്യന് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഫെബ്രുവരി 4 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകാം.
കളിമണ്‍ ഉല്പന്ന നിര്‍മാണ തൊഴിലാളികൾക്ക് വായ്പ
കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായിട്ടുള്ള
സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന
കോര്പ്പറേഷന് വായ്പകള്‍
നല്കുന്നു. നിലവിലെ സംരംഭങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മാണ് വായ്പ അനുവദിക്കുന്നത്. വായ്പാ തുക പരമാവധി 2 ലക്ഷം രൂപ. പലിശ നിരക്ക് 6%. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം
രൂപ കവിയാന്‍ പാടില്ല.
പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ www.keralapottery.org എന്ന വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായ്പാ അപേക്ഷ ഡൗണ്‍ലോഡ്
ചെയ്ത് രേഖകള്‍ സഹിതം ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണിക്കകം മാനേജിംഗ്
ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന
കോര്പ്പറേഷന്, അയ്യങ്കാളി ഭവന്, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ.,
തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ
സമര്‍പ്പിക്കണം. കൂടുതല്‍ അറിയുന്നതിന് 0471 2727010,
9497690651, 9946069136 നമ്പറുകളില്‍ ബന്ധപ്പെടുക.
എല്‍എല്‍എം സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ 2021-2022 അധ്യയന വര്‍ഷത്തിലെ എല്‍എല്‍എം കോഴ്സിൽ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ അര്‍ഹരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷന് പ്രവേശന കമ്മീഷണറുടെ ഡാറ്റാഷീറ്റ്, മറ്റ് രേഖകള്‍ എന്നിവ സഹിതം ജനുവരി 31 ന് ഉച്ചക്ക് 12 മണിക്ക് മുന്‍മ്പ് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2730680 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മില്‍മ സ്റ്റാളുകള്‍ ഏറ്റെടുത്ത് നടത്താന്‍ അവസരം
ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് അനുവദിച്ച മൂന്ന് മില്‍മബൂത്ത് സ്റ്റാളുകള്‍ ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള മത്സ്യത്തൊഴിലാളികള്‍, വിമുക്തഭടന്മാര്, മത്സ്യത്തൊഴിലാളി വനിതകള്‍ , തൊഴില്‍ രഹിതര്‍ , പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം പുതിയാപ്പ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും മാര്‍ച്ച് രണ്ട് മുതല്‍ ഒമ്പത് വരെ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 17 ന് വൈകുന്നേരം നാലു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2460340
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണി. ഫെബ്രുവരി നാലിന് രാവിലെ 11ന് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് 0496 -2630800 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വിവിധ തസ്തികളിൽ പി എസ് സി വിജ്ഞാപനം
സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരം കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും 2021 ഡിസംബർ 29 ലെ അസാധാരണ ഗസറ്റിലും ലഭിക്കും.
ടാലൻറ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്: അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
സംഗീതം, നൃത്തം, ചിത്രരചന, പെയിൻറിംഗ്, വീഡിയോഗ്രഫി, മിമിക്രി എന്നീ
മേഖലകളിൽ കഴിവുതെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ യുവാക്കൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനായി നടപ്പാക്കിവരുന്ന ടാലൻറ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യനീതി വകുപ്പും കേരള ഡെവലപ്പ്മെൻറ് & ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിലും (കെ-ഡിസ്ക്) സംയുക്തമായാണ് പരിപാടി നടപ്പിലാക്കിവരുന്നത്.
15 നും 40 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാരായിരിക്കണം അപേക്ഷകർ. അപേക്ഷയോടൊപ്പം പ്രാഗത്ഭ്യമുള്ള മേഖലകളിൽ കഴിവ് തെളിയിച്ചതിനുള്ള രേഖകളും, പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കേണ്ടതാണ്. ഒരു അപേക്ഷകന് പരമാവധി രണ്ടു മേഖലകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. 2019-20 ൽ നടത്തിയ ടാലൻറ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ നേരിട്ടോ, രക്ഷിതാക്കൾ, ലീഗൽ ഗാർഡിയൻ, അധ്യാപകർ, കെയർ – ടേക്കർമാർ തുടങ്ങിയവർ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, കേരള ഡെവലപ്പ്മെൻറ് & ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്ക്), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻറ് കോഗിനിറ്റീവ് ന്യൂറോ സയൻസസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള
bit.ly/yipts എന്ന ലിങ്ക് ലഭ്യമാണ്. സമർപ്പിക്കുന്ന രേഖകളുടേയും ഓഡിഷൻറെയും അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അനുയാത്ര കാൾ സെന്ററുമായി 1800 – 120-1001 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
റേഷൻ വിതരണം സാധാരണ നിലയിൽ: ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോഡ് വർധന
സംസ്ഥാനത്ത് റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ നടപ്പിലാക്കിയ സമയക്രമീകരണം പൂർണ്ണമായി പിൻവലിച്ചു. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ പ്രവർത്തിച്ചു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നതായി നാഷണൽ ഇൻഫർമാറ്റിക് സെന്ററും ഐ.ടി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു ദിവസം റേഷൻ വിഹിതം കൈപ്പറ്റുന്ന കാർഡ് ഉടമകളുടെ ശരാശരി എണ്ണം മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ സംസ്ഥാനത്തെ 3,60,225 പേർ റേഷൻ വിഹിതം കൈപ്പറ്റി. റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിൽ ഇത് സമീപകാല റെക്കോഡാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. എന്നാൽ റേഷൻ വിതരണത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താൽ തന്നെ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകും. സംസ്ഥാനത്തെ ഏതെങ്കിലും കടയിൽ നെറ്റ് വർക്ക് സംബന്ധമായ തടസ്സം കൊണ്ട് റേഷൻ വിതരണത്തിൽ വേഗതകുറവ് ഉണ്ടായതിനെ പർവ്വതീകരിച്ച് സംസ്ഥാനത്തെ വിതരണം മുഴുവൻ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുമെന്നതിനാൽ വസ്തുത പരിശോധിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.