ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ന്യൂജെന്‍ മയക്കമരുന്നുമായി യുവാക്കൾ പിടിയില്‍ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ്(22),കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരുടെ കയ്യില്‍ നിന്ന് 55 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. കെ.എൽ. 11 ബി.പി. 0508 എന്നനമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ ഉപയോഗിച്ചത്. ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്സൈസ് വിശദമാക്കുന്നത്.ഇവര്‍ ഇതിന് മുന്‍പും ബെഗലുരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവെന്റിവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ പ്രിവെൻറ്റീവ് ഓഫീസർ ഇ.പി. വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ. ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ. കെ, രജിൻ. എം.ഒ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.