പെരുമണ്ണ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. നവകേരള മിഷൻ പ്രോജക്ടിൻ്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്.

നഗരങ്ങളിൽ എത്തിപ്പെടുന്ന ദീർഘദൂര യാത്രക്കാർ വൃത്തിയുള്ള ശുചിമുറികൾ വിരളമായതു കാരണം അനുഭവിക്കുന്ന പ്രയാസം പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. ആധുനിക സജ്ജീകരണങ്ങളോടെ പൊതു ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇതുവഴി ഒരുക്കിയിട്ടുള്ളത്. ശുചിത്വമിഷൻ ഫണ്ട്, പഞ്ചായത്തിൻ്റെ പദ്ധതി വിഹിതം, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ചാണ് പെരുമണ്ണയിൽ വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സി.കെ അജീഷ്, ഹരിതകേരള മിഷൻ കോർഡിനേറ്റർ പി പ്രകാശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി രാജൻ, വി.പി കബീർ, കെ.കെ ഷമീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ സംസാരിച്ചു.

എൽ.എസ്.ജി.ഡി പെരുമണ്ണ സെക്ഷൻ അസി. എൻജിനീയർ എ.എസ് ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ സ്വാഗതവും സെക്രട്ടറി എൻ.ആർ രാധിക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *