മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദിയും പിണറായി വിജയൻ രേഖപ്പെടുത്തി. കൂടാതെ രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ,
നാട്ടുകാർ എന്നിവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.രക്ഷാപ്രവര്‍ത്തകര്‍ കൈയ്യടിയോട് കൂടിയായിരുന്നു ബാബുവിനെ വരവേറ്റത്. ആദ്യം എല്ലാവരും ചേര്‍ന്ന് ഒരു സെല്‍ഫിഎടുത്തു. പിന്നീട് ബാബുവിനെ ഒപ്പമിരുത്തി സംഭാഷണം. ഇന്ത്യന്‍ ആര്‍മിക്ക് വലിയ നന്ദിയെന്ന് ബാബുവിന്റെ ആദ്യവാക്ക്. പിന്നാലെ ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞു. തന്നെ മുകളിലെത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാബുവിന്റെ സ്നേഹചുംബനം.എല്ലാവർക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യൻ ആർമി കീ ജയ്. ഭാരത് മാതാ കി ജയ്’- ബാബു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *