നിയമസഭാ തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ട് വിതരണവും ക്രോഡീകരണവും സംബന്ധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണ തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേര്‍ണിംഗ് ഓഫീസര്‍ക്കും പരാതി സമര്‍പ്പിച്ചു. 7000 തപാല്‍ ബാലറ്റുകള്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ അച്ചടിച്ചതില്‍ 5650 എണ്ണം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ള പോസ്റ്റല്‍ ബാലറ്റുകള്‍ സംബന്ധിച്ചും വിതരണം ചെയ്ത ബാലറ്റുകളുടെ സീരിയല്‍ നമ്പര്‍ സംബന്ധിച്ചും ആശങ്ക ദൂരികരിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ധേഹം പരാതി സമര്‍പ്പിച്ചത്.
നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് ഇ എം ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ കെ എ ഖാദര്‍ മാസ്റ്റര്‍ എന്നിവരോടൊപ്പം ആയിരുന്നു റിട്ടേര്‍ണിംഗ് ഓഫീസര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കിയതിന് ശേഷമുള്ള ബാലന്‍സ് ബാലറ്റ് പേപ്പറുകളുടെ എണ്ണവും സീരിയല്‍ നമ്പറും രേഖാ മൂലം വേണമെന്നും അതോടൊപ്പം ബാലന്‍സ് വന്ന ബാലറ്റ് പേപ്പറുകള്‍ ആരുടെ കയ്യില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിന്റെ വിശദാംശങ്ങളും അദ്ധേഹം ആവശ്യപ്പെട്ടിട്ടുണ്ട്
വിതരണം ചെയ്ത അതേ സീരിയല്‍ നമ്പര്‍ ഉള്ള ബാലറ്റ് തന്നെയാണ് തിരികെ ലഭിച്ചിട്ടുള്ളത് എന്നും, ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം നടത്തുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും, തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ വിതരണം ചെയ്തേ അതേ സീരിയല്‍ നമ്പറാണെന്ന് ഉറപ്പ് വരുത്താനും റിട്ടേര്‍ണിംഗ് ഓഫിസര്‍ ശ്രദ്ധിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. റിട്ടേര്‍ണിംഗ് ഓഫിസര്‍ നല്കിയ സീരിയല്‍ നമ്പര്‍ ഒഴികെയുള്ള ഏതെങ്കിലും ബാലറ്റ് പേപ്പറുകള്‍ കൗണ്ടിംഗ് ടേബിളില്‍ കാണുകയാണെങ്കില്‍ അത് അസാധുവായി കണക്കാക്കുകയും അത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കുകയും ചെയ്യണമെന്നും ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു
