നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഹരിദാസന്റെ കൊലപാതകത്തിന് പിന്നിലെന്ന് എ വിജയരാഘവന്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു. സി പി ഐ എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍ എസ് എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്’. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *