കണ്ണൂർ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്. ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്. ആർ.എസ്.എസ് – സി.പി.എം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *