ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ പ്രതി കോഴിക്കോട് സ്വദേശി അക്ഷയ് പിടിയില്‍. ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂര്‍ സ്വദേശി അജിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാള്‍ കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇതില്‍ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളില്‍ നിന്നുമായി
പ്രതികള്‍ 2.5 കൊടിയോളം തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍, കൊല്ലം, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.

പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. കൊല്ലം ഡാന്‍സാഫ് ടീമില്‍ അംഗങ്ങളായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലം ജില്ലയിലെ രഹസ്യതാവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി ബെന്നി വി വി, ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *