എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനുമോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയെ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.
ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. വൈഗയെ കയ്യില്‍ എടുത്ത് പുഴയില്‍ താഴ്ത്തി. ഭയം കാരണം തനിക്ക്‌ മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പുഴയില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു. വൈഗ മരിച്ചത് പുഴയില്‍ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്. മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്. ഗോവ ലക്ഷ്യമാക്കിയാണ് മൂകാംബികയില്‍ നിന്ന് സനു മോഹന്‍ സഞ്ചരിച്ചത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *