ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലും രക്തക്കറ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാവിലെ വീടുകളുടെ പുറത്ത് രക്തക്കറ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണത് കണ്ടെത്തി.

ഞായറാഴ്ച പുലര്‍ച്ചെ പുത്തൂര്‍ വീട്ടില്‍ സിജോയുടെ വീടിന്റെ പുറകുവശത്തുനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നു. വീട്ടുകാര്‍ പുറത്തെത്തിയപ്പോള്‍ വാഷിങ് മെഷീന്‍ മറിച്ചിട്ടിരിക്കുകയായിരുന്നു. പരിസരത്ത് ചോരപ്പാടുകളും കണ്ടു.

നീലങ്കാവില്‍ വീട്ടില്‍ ഡേവീസിന്റെ വീടിന്റെ പുറകുവശത്തും ടെറസിനു മുകളിലേക്ക് കയറുന്ന പടികളിലും ടെറസിന്റെ മുകളിലും ചോരപ്പാടുകളുണ്ട്. ഒറുവന്‍ മാരിയില്‍ വീടിന്റെ മനോജിന്റെ വീടിന്റെ പുറകുവശത്തെ വെള്ളം വെച്ചിരുന്ന ബക്കറ്റിലും ചോരക്കറയുണ്ട്.

മുല്ലയ്ക്കല്‍ വീട്ടില്‍ വിഷ്ണു ലാലിന്റെ വീട്ടുമുറ്റത്തും വീടിന്റെ ടെറസിനു മുകളിലും അറ്റത്ര വീട്ടില്‍ ഹരിദാസിന്റെ വീടിന്റെ മുറ്റത്തും അന്തിക്കാട്ടില്‍ വീട്ടില്‍ ജേക്കബിന്റെ വീട്ടുമുറ്റത്തും ചോരത്തുള്ളികള്‍ വീണിട്ടുണ്ട്. വിളക്കുതല വീട്ടില്‍ രാജീവിന്റെ വീടിന്റെ മുന്‍വശത്തെ പൈപ്പിനു താഴെ വെള്ളം നിറച്ച ബക്കറ്റിലും ചോരക്കറ കണ്ടെത്തി.

എരുമപ്പെട്ടി പോലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. സാമ്പിളുകള്‍ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ഇരതേടിയിറങ്ങിയ വന്യജീവികളുടെയോ ഇരകളുടേയോ ചോരത്തുള്ളികളാകാം ഇതെന്നാണ് നിഗമനം

Leave a Reply

Your email address will not be published. Required fields are marked *