എല്‍ഡിഎഫ്ഭരണസമിതിക്കെതിരെ തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാൻ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചില്ല.മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം 24നെതിരേ 25 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി പങ്കെടുത്തില്ല.അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ബിജെപി തീരുമാനമാണ് നിര്‍ണായകമായത്.

ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്.എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍, സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി വിട്ടു നില്‍ക്കാന്‍ ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.ഇടതുഭരണസമിതിയുടെ വികസന പ്രവർത്തനത്തിൽ വിറളി പൂണ്ടാണ് കോൺഗ്രസ് അവിശ്വാസം കൊണ്ടു വന്നതെന്ന് മേയർ എം കെ വർഗീസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *