പാകിസ്താനില്‍ ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ ചെന്നുപതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകൾ. മാര്‍ച്ച് ഒമ്പതിനാണ് പഞ്ചാബിലെ അംബാലയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാർത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.
പാകിസ്താനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് ശേഷം പാകിസ്താനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്‌ലൈന്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പകരം, കൂടുതല്‍ വിക്ഷേപണങ്ങള്‍ ഒഴിവാക്കാന്‍ അംബാലയിലെ മിസൈല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം വ്യോമസേന നിർത്തിവെച്ചെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. അതേസമയം, ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചു. മാർച്ച് 9ന് പതിവു പരിശോധനകൾക്കിടയിലാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെട്ടത്. രാജ്യത്തിന്റെ മിസൈൽ സംവിധാനം പൂർണ സുരക്ഷിതമാണ്. എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ അതു തിരുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *