പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ സംഭവത്തില്‍ മതിയായ സുരക്ഷിത്വമൊരുക്കാത്തിന് സംഘടാകര്‍ക്കെതിരെ കേസെടുത്ത് കാളികാവ് പൊലീസ് . ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളാണ് കളി കാണാൻ എത്തിയിരുന്നത്.മലപ്പുറം
പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ ഇന്നലെയാണ് ഗ്യാലറി തകർന്ന് അപകടം ഉണ്ടായത്. പരിക്കേറ്റവർ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർക്ക് സാരമായ പരിക്കുകളുണ്ട്.
ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് തന്നെ മൈതാനം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. നൂറു രൂപ ടിക്കറ്റെടുത്ത് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ച കാണികൾ മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറി. അമിത ഭാരമായതോടെ ഗ്യാലറി പൊട്ടിവീണു. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.