കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു.
ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത് കൊണ്ട് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.
കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. ഡിവൈഎസ്‌പി എജെ തോമസിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം സ്ഥലത്തെത്തിയത്. കെ റെയിൽ ഉദ്യോഗസ്ഥർ ഇവിടെ കല്ലിടൽ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. കല്ലിടാനുള്ള കുഴിയെടുക്കാൻ സമ്മതിച്ചില്ല. കല്ല് പ്രതിഷേധക്കാർ എടുത്ത് കളഞ്ഞു. കുഴിക്കുത്തുന്ന ഉപകരണം തിരികെ വാഹനത്തിൽ വെപ്പിച്ചു. പ്രതിഷേധം തുടരുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പിൻമാറണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇട്ട കല്ല് നട്ടുകാർ എടുത്ത് കളയണം, കരിങ്കല്ലിനെക്കാൾ കഠിന ഹൃദയമുള്ളവരാണ് കല്ലിടാൻ നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *