അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കശ്മീർ ഫയൽസിനെ വിമർശിച്ച ദളതിനെതിരെ ക്ഷേത്രത്തിൽ ക്രൂരത. രാജസ്ഥാനിലെ ആൽവാറിൽ ചിത്രത്തെ വിമർശിച്ച രാജേഷ് കുമാർ മേഘ്വാൾ എന്ന ദളിതനെക്കൊണ്ട് ക്ഷേത്രത്തിന്റെ തറയിൽ മൂക്ക് കൊണ്ട് ഉരപ്പിച്ചു എന്നാണ് പരാതി.

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസിനെക്കുറിച്ച് ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ചിത്രത്തിന് നികുതി ഒഴിവാക്കിയത് നല്ല കാര്യമാണ്. പക്ഷെ ഇവിടെ ദളിതരുൾപ്പെടെ മറ്റ് വിഭാഗങ്ങൾക്കെതിരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. ജയ് ഭീം എന്ന ചിത്രത്തിന് എന്തുകൊണ്ട് നികുതി ഒഴിവാക്കിയില്ല എന്നായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്.

പോസ്റ്റിന് പിന്നാലെ തനിക്കെതിരെ നിരന്തര സൈബർ ആക്രമണം നടന്നതായും ഒടുവിൽ പഴയ നാട്ടുകൂട്ടം സംഘം ഒത്തുകൂടി തന്നോട് പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടെന്നും മേഘ്വാൾ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു. തന്നെ ഉപദ്രവിക്കില്ലെന്ന് സംഘം ഉറപ്പ് തന്നിരുന്നു. എന്നാൽ അവിടെ വെച്ച് ​ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ തറയിൽ തന്റെ മൂക്ക് കൊണ്ട് ഉരപ്പിച്ചു എന്നും മേഘ്വാൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ മേഘ്വാൾ പൊലീസിൽ പരാതിപ്പെട്ടു. 11 പേർക്കെതിരായ പരാതിയിൽ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *