ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് വധകേസിൽ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.ജനുവരി 10നാണ് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *