സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

2015ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയാവുന്നത്. അവസാനം വരെ ഉയര്‍ന്നു കേട്ടിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയായിരുന്നു അന്ന് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ടേമിലും യെച്ചൂരിക്ക് അവസരം നിഷേധിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും പ്രതിപക്ഷവും വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. പാര്‍ട്ടിക്ക് ഒരു കാലത്ത് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും കടുത്ത വെല്ലുവിളി നേരിടുന്ന കാലത്താണ് മൂന്നാമതും യെച്ചൂരി തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയുണ്ട്. രണ്ടു വര്‍ഷത്തിനപ്പുറം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കുന്നതിനൊപ്പം പ്രതിപക്ഷ ഐക്യത്തില്‍ സുപ്രധാന തീരുമാനം എടുക്കേണ്ടി വരും എന്നതും യെച്ചൂരിക്ക് വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടിവരും.

1952 ആഗസ്റ്റ് 12ന് തെലങ്കാനയിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. എസ്എഫ്‌ഐയിലൂടെ 1974ല്‍ രാഷ്ട്രീയ പ്രവേശം. അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി ജയിലിലായി. അതേ കാലയളവില്‍ തന്നെ മൂന്നു തവണ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയി. 1985ല്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയ യെച്ചൂരി, 1992ല്‍ നാല്‍പ്പതാം വയസ്സില്‍ പിബിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഇതേസമയം, സിപിഐഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. വൈകുന്നേരം മൂന്ന് മണിക്ക് ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയില്‍ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ എത്തിച്ചേരും. വൈകുന്നേരം 5.00 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്‍, ബൃന്ദ കാരാട്ട്, എം എ ബേബി എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *