ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്.അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ അൽപസമയം മുമ്പ് ഹർജി നൽകിയത്.. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.
അതിനിടെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി. കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം.