പനച്ചിക്കാട് വീടിന് മുകളിലത്തെ നില പണിയാൻ അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം.സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി കെ റെയിൽ ഏറ്റെടുത്തിട്ടില്ല. ഈ ഘട്ടത്തിൽ വസ്തു കൈമാറ്റം ചെയ്യാനോ, കെട്ടിട നിർമാണത്തിനോ, വസ്തു പണയം വെക്കുന്നതിനോ തടസമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. പഞ്ചായത്തിൽ പണം അടച്ച ശേഷം വീടിന്റെ രണ്ടാംനില നിർമ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീട് നിർമ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ റെയിൽ അധികൃതർ വിശദീകരണവുമായെത്തിയതും വീട് നിർമ്മാണത്തിന് അനുമതി നൽകിയതും.
വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാടാണ് പഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ സോണിൽ ഉൾപ്പെടുന്നതാണെന്ന് പറഞ്ഞ് സിൽവർ ലൈൻ തഹസിൽദാരെ കാണാൻ പഞ്ചായത്ത് സെക്രട്ടറി സിബിയോയ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സിൽവർ ലൈൻ തഹസിൽദാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.
