കണ്ണൂര്‍ മുഴുപ്പിലങ്ങാട് സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം.ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കെ റെയില്‍ ഉദ്യോഗസ്ഥരടക്കം പ്രതിഷേധക്കാരോട് സംസാരിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയും പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു.

തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നല്‍കാതെയാണ് അതിക്രമിച്ചു കയറി കല്ലിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. നഷ്ടപരിഹാരം തന്നാലും തങ്ങള്‍ക്ക് വേണ്ട. ഇവര്‍ എത്ര ആഴത്തില്‍ കല്ലിട്ടാലും തങ്ങളത് പിഴുതെറിയുമെന്നും വീട്ടുടമ മുഹമ്മദലി പ്രതികരിച്ചു.അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കു‍ഞ്ചെറിയ ,തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *