സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം. അര്‍ദ്ധരാത്രിമുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാലാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും.

ഇതൊടെ, പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രമാണ്.

അതേസമയം സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സ്വിഫ്റ്റ് സര്‍വീസ് ഉപയോഗിക്കുമെന്നും എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *