മുന്‍ എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിന് ഹൈക്കോടതി സ്റ്റേ. എന്നാല്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്.

ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയത്. 2014ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസില്‍ നിരവധി തവണ കെഎം ഷാജിയെ ചോദ്യം ചെയ്തിരുന്നു.

ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ല്‍ ഉള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നുമായിരുന്നു ഷാജി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *