തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു . യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തി. ഉമ തോമസിന്റെ കൂടെ ഹൈബി ഈടൻ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവരും ഉണ്ടായിരുന്നു. മമ്മൂട്ടി തന്റെ ആശംസകളും പിന്തുണയും അറിയിച്ചു.
പി ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നും എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും
ഉമ തോമസ് പറഞ്ഞു.
ലീലാവതി ടീച്ചറുടെയും സാനു മാഷിന്റെയും അനുഗ്രഹവും ഉമ തോമസ് തേടിയിരുന്നു. ഇരുവരെയും വീട്ടിലെത്തി കണ്ടിരുന്നു.
പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടി വക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചർ പാലിച്ചു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം കയ്യിൽ കരുതിവച്ചാണ് ടീച്ചർ ഉമയെ സ്വീകരിച്ചത്.
രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകൾ. പി.ടി തോമസും ഉമ തോമസുമായുള്ള വർഷങ്ങളുടെ ബന്ധമാണ് മാഷ് ഓർത്തെടുത്തത്.